കൊച്ചി: സ്കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നിലവില്‍ വന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും സംസ്ഥാനത്തെ പല സ്കൂളുകളിലും സ്ഥിതി പഴയപടി തന്നെ. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഭാരമുള്ള സ്കൂള്‍ ബാഗുകള്‍ കുട്ടികള്‍ ചുമക്കരുതെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും പല സ്കൂളുകളിലും അവ കൃത്യമായി പാലിക്കപ്പെടുന്നില്ല.
സ്കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള പോളിസി ഓണ്‍ സ്കൂള്‍ ബാഗ് 2020 എന്ന നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത് 2020 ഡിസംബറിലാണ്. ഇതുപ്രകാരം ബാഗുകളുടെ പരമാവധി ഭാരം അഞ്ചു കിലോഗ്രാമായി നിജപ്പെടുത്തി. കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.
രണ്ടാംക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ ആയിരിക്കണം. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്, ഏഴ് ക്ലാസുകളില്‍ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം നാലു കിലോ ആക്കിയിരുന്നു. എട്ടു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ സ്കൂള്‍ ബാഗിന് 4.5 കിലോവരെ ഭാരം ആകാവൂ.
10 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം അഞ്ചു കിലോ ആക്കുകയും ഉണ്ടായി. പുസ്തകങ്ങള്‍ വിവിധ വാല്യങ്ങളാക്കുക, ചെറിയ ക്ലാസിലെ പുസ്തകങ്ങളും നോട്ട്ബുക്കുകളും കഴിയുന്നതും സ്കൂളില്‍ സൂക്ഷിക്കുക, ഒന്നും രണ്ടും ക്ലാസുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കുക, ഉച്ചഭക്ഷണവും വെള്ളവും സ്കൂളുകളില്‍ത്തന്നെ ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്.
സ്കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരേ ഹൈക്കോടതിയും 2020 ജനുവരിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്നായിരുന്നു കോടതി നിരീക്ഷണം. അമിതഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചു വയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനം ഒരുക്കി കൊടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഉത്തരവിറങ്ങി ആറര വര്‍ഷം പിന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ ചുമട്ടുകാരെ പോലെതന്നെയാണ് സ്കൂളുകളിലേക്ക് എത്തുന്നത്. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ബുദ്ധിമുട്ട് ഏറെയും.
കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു
സംസ്ഥാനത്ത് ചില പുസ്തകങ്ങൾ രണ്ടോ മൂന്നോ വാല്യങ്ങളാക്കി. എങ്കിലും സ്കൂള്‍ ബാഗില്‍ ഇടമില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവും വയ്ക്കാനായി പ്രത്യേക ബാഗുകളും വിദ്യാര്‍ഥികള്‍ കൊണ്ടുപോകുന്നുണ്ട്. ഭൂരിഭാഗം വിദ്യാര്‍ഥികളും അവര്‍ക്ക് അനുവദനീയമായതിലും 30 ശതമാനത്തിലധികം ഭാരമാണ് സ്കൂള്‍ ബാഗിലൂടെ വഹിക്കുന്നത്. ഇത് കുട്ടികൾക്ക് നടുവേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.